മങ്കൊമ്പ്: അഖില കുട്ടനാട് പമ്പിംഗ് മോട്ടോർ തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ഇന്ധനവില വർധനവ് കാർഷിക മേഖലയുടെ നിലനിൽപ്പിനെ ബാധിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഡീസൽ ഉപയോഗിച്ചുള്ള യന്ത്രങ്ങളും വാഹനങ്ങളുമാണ് കാർഷിക മേഖലയിൽ കൂടുതലും ഉപയോഗിക്കുന്നത് ഈ സാഹചര്യത്തിൽ വില വർധനവ് കാർഷികമേഖലയ്ക്ക് താങ്ങാവുന്നതിനുമപ്പുറമാണ്.
ഇന്ധന വിലവർധനവ് രാസവള വിലവർധനവിനും ഇടയാക്കും. വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രനീക്കം വിജയിച്ചാൽ കാർഷികമേഖലയ്ക്കുള്ള വൈദ്യുതി സബ്സിഡി നിലയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം സെക്രട്ടറിമാരായ ടി.ഡി. സുശീലൻ, ആർ. രാജേന്ദ്രകുമാർ, എഐടിയുസി ജില്ലാ സെക്രട്ടറി ഡി.പി. മധു, ബി. ലാലി തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എൻ.ഡി. ഉദയകുമാർ (പ്രസിഡന്റ്), സി.കെ. ബാബു (വൈസ് പ്രസിഡന്റ്), പി.വി. സുനോസ് (ജനറൽ സെക്രട്ടറി), സുനിൽ കുമാർ (സെക്രട്ടറി), ഷാജി ജോസഫ് (ഖജാൻജി), എന്നിവരെ തെരഞ്ഞെടുത്തു.